Tuesday, July 1, 2008

രജപുത്ര സ്ത്രീകളും നമ്മുടെ നാടും തമ്മില്‍ എന്ത്?

സംശയം എന്ത്? കൊണ്ടു പിടിച്ച പ്രേമം തന്നെ... പണ്ടൊക്കെ എനിക്ക് സംശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ.... ഇപ്പൊ റെയില്‍വേ സ്റ്റേഷനില്‍ വെച്ചു ജോധ ഭായി സ്റ്റയിലില്‍ ചില കേരള കാമുകിമാരെ കണ്ടപ്പോള്‍ സംശയം തീര്ന്നു കിട്ടി. പ്രേമം തന്നെ... പന്ജാബിന്ടെ വീര ഭൂമിയില്‍ റോടി ഉണ്ടാക്കി കളിക്കുന്ന പെണ് പുലിക്കുട്ടികള്‍ക്ക് കേരളത്തോട് അടങ്ങാത്ത അനുരാഗലോല ഗാത്രി...

കേരളത്തിന്റെ ഭൂ ഭംഗിയെപ്പററി ഏതോ പഴയ 'അയല്‍ക്കാരന്‍ നല്ല സമരായക്കാരന്‍ ' പറഞ്ഞു കൊടുത്ത വിവരണം കേട്ട്, ഉള്ള ചില്ലറയൊക്കെ കൂട്ടി വെച്ചു ഒരു കേരള പര്യടനം പ്ളാന്‍ ചെയ്തിറങ്ങിയതാണ് രണ്ടു ജോധാഭായികളും ഒന്നിന്റെ മകനും വേറൊന്നിന്റെ മകളും അവരുടെ കുട്ടിയും. ഉള്ള കാശിനു കൊച്ചി മുതല്‍ കന്യാകുമാരി വരെ ഒരു ഓട്ട പ്രദക്ഷിണം നടത്തി , റെയില്‍വേ സ്റ്റേഷനില്‍ കുത്തിയിരിപ്പാണ്‌ ആന്റീസ്. എന്റെ മദ്രാസ് മെയില് വരാന്‍ ഇനിയും സമയം ബാക്കി. മോഹന്‍ലാല്‍ സ്റ്റൈലില്‍ "വഴിയില്‍ കുത്തിയിരിക്കാതെ ഏറ്റു പോ അമ്മച്ചി" എന്ന് പറയാന്‍ ഇവരെന്നോടു പ്രത്യേകിച്ചു ദ്രോഹം ഒന്നും ചെയ്തിട്ടില്ലല്ലോ. പിന്നെ ജന്മസിദ്ധമായി കിട്ടിയ ആകാംഷ മുളച്ചു പൊങ്ങിയപ്പോള്‍ , യെവരെ പരിചയപ്പെടാനുള്ള ആ ഒരു ത്വര, ഉല്‍ക്കടമായ ആ ഒരു 'ഇദ് ' ഇങ്ങു വന്നു. ചുരുക്കി പറഞ്ഞാല്‍ , ആന്റിമാരുടെ അടുത്ത് കൂടി കൊച്ചു വര്ത്തമാനം തുടങ്ങി എന്ന് സാരം. ഇനി ഞാന്‍ പഞാബില്‍ എങ്ങാനും പെട്ട് പോയാല്‍ ഇവര് തിരുവന്തോരം റെയില്‍വേ സ്റ്റേനില്‍ വെച്ചു കണ്ട ഒരു പരിചയം എങ്ങാനും കാണിച്ചാലോ എന്ന ഒരു ലോകത്തൊരിടത്തും ഇല്ലാത്ത 'ദീറ്ഘവീക്ഷണം' .

നമുക്കു പിന്നെ പണ്ടു മുതലേ ഭാഷ ഒരു പ്രശ്നം അല്ലല്ലോ. തമിഴ്, തെലുങ്ക്, ഹിന്ദി, ബംഗാളി, മണിപ്പൂരി , ചൈനീസ് എന്നിങ്ങനെ ഏത് ഭാഷയിലുള്ള ആന്ഗ്യങ്ങളും വശമുള്ള ഒരു സവ്യസാചി ആകുന്നു ഈയുള്ള ജന്മം. ഭരത മുനിയുടെ സകല മുദ്രകളും പുറത്തെടുത്ത് ആശയവിനിമയം ആരംഭിച്ചു . നോണ്‍ വെര്‍ബല്‍ കമ്യൂണികേഷന് എന്നൊക്കെ പറയുന്നതു ഇതാവും അല്ലെ... ജീവിതത്തില്‍ നല്ലപ്പോള്‍ കേള്‍ക്കുന്നതാണ് പഞ്ചാബി. പക്ഷെ 'ഖാന്‍ പരമ്പര ' ദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ചു ഉള്ള ഹിന്ദി ഒക്കെ എടുത്തു പ്രയോഗിച്ചു. സംഭവം ഏല്ക്കുന്നുണ്ട്. എന്റെ ആന്ഗ്യവും ഡാന്‍സും മുദ്രയും ഹിന്ദിയും ഒക്കെ ലേഡീസിനു ക്ഷ പിടിച്ച മട്ടാണ്.

ഒരു രണ്ടു കിലോ വാഴയ്ക്ക ഉപ്പേരിയും പിന്നെ ഒരു കന്നാസ് വെളിച്ചെണ്ണയും ഒക്കെ വാങ്ങി വെച്ചിരിക്കുകയാണ് ആന്റിമാര്‍. അവിടെ അയലുവക്കതൊക്കെയുള്ള പെണ്ണുങ്ങള്‍ക്കും പിള്ളേര്‍ക്കും ഒക്കെ സംഭാവന കൊടുക്കാനാണ് ഇതെല്ലാം. പിന്നെ കൊച്ചു ചെറുക്കന്റെ കയ്യില്‍ മ്യൂസിയത്തിന്റെ മുന്നില്‍ നിന്നും വാങ്ങിയ നെറ്റിപ്പട്ടം കെട്ടിയ ആന. കേരളം മൊത്തത്തില്‍ കൊള്ളാം എന്നാണ് ഇവരുടെ ഒരു റേറ്റിംഗ്.

ഇത് യെന്ദരൊ ഒരു ഭായി. പേരൊക്കെ മറന്നു... മൊബൈല് ഭായി എന്ന് വിളിക്കാം. ഞാന്‍ കണ്ടപ്പോ മുതല്‍ എന്നോട് (അതും ഈ യെന്നൊട്....) ഒന്നു മിണ്ടുക പോലും ചെയ്യാതെ ഫോണില്‍ ഏതാണ്ടൊക്കെ ആരാണ്ടോടൊക്കെ കത്തി വെയ്ക്കുകയാണ് കക്ഷി. ഇവരെ കണ്ടിട്ടാണെന്ന് തോന്നുന്നു 'ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ്‌ ' എന്ന ആപ്തവാക്യം ജന്മം കൊണ്ടത്. ജീവിതം തന്നെ മാറിപ്പോച്ച്!!!! വിവര സാങ്കേതിക വിപ്ളവം പോയ പോക്ക്.....
ഇത് സുന്ദരി ഭായി..... ഞാന്‍ ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ ശടേന്നു ഒരു മുഖം മിനുക്കല്‍ ഒക്കെ നടത്തിക്കളഞ്ഞു സുന്ദരി. ഒരു ഫോട്ടോ കാണിച്ചിട്ട് അത്ര ഭംഗി പോരാഞ്ഞത് കൊണ്ട് ഡിലീറ്റ് ചെയ്യിപ്പിച്ചു സുന്ദരിക്ക് തൃപ്തി വരുവോളം ഫോട്ടോ എടുപ്പിച്ചു കളഞ്ഞു. ഈ പ്രായത്തില്‍ ഇതാണ് എങ്കില്‍ നല്ല പ്രായത്തില്‍ എന്ദൊരു സുന്ദരി ആയിരുന്നിരിക്കണം. ഞാന്‍ മൂക്കുത്തി കൊള്ളാം എന്ന് പറഞ്ഞപ്പോള്‍ അങ്ങ് നാണവും വന്നു പോയി...
നാല് ഇരുപത്തി അഞ്ച്... ദാ മദ്രാസ് മെയില് ചിന്നം വിളിക്കുന്നു.... ഇനി ഭാഗ്യം ഉണ്ടെങ്കില്‍ പഞാബില്‍ കാണാം ലേഡീസ്....

Tuesday, June 24, 2008

ഞങ്ങളുടെ അന്ന ദാതാവ്

കഥാനായിക ചില്ലറക്കാരിയല്ല. വിറ്റുകളുടെ ഒരു അക്ഷയപാത്രം. തിരുവനന്തപുരത്തെ ഞങ്ങളുടെ ഒഫീസില് ഞങ്ങള്ക്ക് ചായ തരുന്നത്, ഓഫീസ് വൃത്തിയാക്കുന്നത്, പിന്നെ തരം പോലെ ഞങ്ങളെ ഒക്കെ ഉപദേശിക്കുന്നത്, വലിയ വായില് ജീവിത വീക്ഷണങ്ങള് വിളമ്പുന്നത് ഒക്കെ ധന്യ ആണ്. ഞങ്ങളുടെ സ്വന്തം ചെങ്ങല്ചൂള ടൈംസ്...

രാവിലെ എല്ലാവരും എത്തും മുന്പ് എത്തുന്നയാള് ആയതുകൊണ്ട് കക്ഷി സ്വയം വിശേഷിപ്പിക്കും താനൊരു "മുന്പേ പറക്കുന്ന പക്ഷി" ആണെന്ന്. "early bird" എന്ന "ഗമണ്ടന് " ഇംഗ്ലീഷ് പ്രയോഗം ( ഞാന് ടി പദ്മനാഭനെ ഓര്‍ത്തിട്ടില്ല, കെ ഇ എന് ആരാണെന്ന് അറിയുകയും ഇല്ല) സ്മ്രിതി മണ്ഡലങ്ങളില് എവിടെയും ഉള്ളതായി അവള്‍ക്കറിയില്ല. രാവിലെ നേരം വെളുത്താല് അണ്ണനെ പറഞ്ഞയച്ച്, പിള്ളേരെ അച്ഛമ്മയുടെ അടുതാക്കി, ചോറും വെച്ചു മീനും വറുത്തു കഴിഞ്ഞാല് അവള് ഇങ്ങു പോരും. ഞങ്ങളുടെ ഓഫീസില് വന്നു കര്മനിരതയാകും. പിന്നെ നിലം തൊടാതെ പണിയാണ്. മുറികള് എല്ലാം അടിച്ച് വാരി, വൃത്തിയാക്കി ഒടുവില് തുടച്ചു തീര്ത്തു അവള് ഒന്നു ആശ്വസിച്ചു സെക്യൂരിടിയുടെ കസേരയിലിരുന്നു നടുവ് നിവര്‍ക്കുമ്പോഴാവും ഓരോരുത്തരായി ഉദ്യോഗസ്ഥ വൃന്ദം വലിഞ്ഞും നിരങ്ങിയും ജോലിഭാരത്തെ പഴിച്ചും ഇന്നലത്തെ കുന്നായ്മകള്ക്ക് ബദല് പണികള് ആലോചിച്ചും ഒക്കെ കയറി വരിക.

രാവിലെ ഓഫീസിന്റെ കണ്ണാടി പളുങ്ക് കല്‍പ്പടവുകളില് മുഖം നോക്കിയോ നോക്കാതെയോ ഓടി കയറി പോകുമ്പോള് ആരും ധന്യയെ ഓര്‍ക്കാറില്ല.

പത്തര മണി ആകുമ്പോള് ചായ. അതാണ് കീഴ്‌വഴക്കം. ചായയും ചായ കൊടുക്കലും ഒക്കെയായി നമ്മള് പരമ്പരാഗതമായി ചേര്ത്തു വെയ്ക്കാറുള്ള നാണം, നഖം കടി മുതല് ചിഹ്നങ്ങള് ഒന്നും ഇവിടെ കാണില്ല.ധന്യ വരും. ചായ തരും. പോകും. ചിലര് ചിരിക്കും. കുശലം പറയും. ചിലര് അതൊന്നും ഇല്ലാതെ ചായ കുടിക്കും. അങ്ങനെ അങ്ങനെ...


ഒരു കുശലം എങ്ങാനും ചോദിച്ചു പോയാല് പിന്നെ പെണ്ണിന് കഴുത്തിന് ചുറ്റും നാവാണ്. അതും നല്ല ഉരുളയ്ക്ക് ഉപ്പേരി കണക്കിന്. എല്ലാതിനെ പറ്റിയും സ്വന്തമായ ഒരു അഭിപ്രായം, ഒരു കാഴ്ചപാട് ഒക്കെ കക്ഷിക്കുണ്ട്. ഇന്നു തന്നെ, ദാ ഇപ്പൊ ചായ കൊണ്ടു വന്നപ്പോ സ്ഥിരം ഉള്ള സോപ്പ് ച്ചുവയ്ക്ക് പകരം ഒരു എലയ്ക്കാ സ്വാദ്. ചായക്കട അണ്ണനും ധന്യയും തമ്മിലുള്ള ചൊറിച്ചു മല്ലല് ഈ പ്രദേശങ്ങളില് ഒക്കെ പ്രശസ്തമാണ്. 'ഉരുള ഉപ്പേരി' ബാര്‍ട്ടര് സിസ്റ്റം ആണ് അവര് തമ്മില്. ചെറിയ വാഗ്പ്പയറ്റുകള് കൊണ്ടു ഒരു അടര്ക്കളം തന്നെ. അറിയാതെ ചോദിച്ചു പോയി, '' എന്താ ധന്യേ, ഇന്നു ചായ കൊള്ളാമല്ലോ'' ഉടന് വന്നു ഉത്തരം, " എന്തര് മാഡം, ഏലയ്കയാണോ, അയാള് എന്തരോ നോക്കി നിന്നു പാല് അടിക്കു പിടിച്ചു. മണക്കാതിരിക്കാന് ഇട്ടേക്കുന്നതല്ലേ...''


ഇനി അല്‍പ്പം ചരിത്രം. കഥാനായിക കഥ പറയുമ്പോള്... അച്ഛനും അമ്മയും വേര്‍പിരിഞ്ഞ വീട്. അതേ പഴയ കഥ. മൂന്നു പെണ്‍കുട്ടികള്. ധന്യയുടെ അണ്ണന് ( ഇപ്പോഴത്തെ ഭര്‍ത്താവ് ) അന്ന് മുറചെറുക്കന്. അണ്ണനും അച്ഛനും തമ്മില് ചേര്ച്ചക്കുറവ്. വാക്കേറ്റം... തര്ക്കം. പെണ്ണിന് ജന്മനാല് തന്നെ ഭയങ്കര പ്രേമവും. അങ്ങനെ ഒരു ഒന്‍പതാം ക്ലാസ്സ് ദിവസം രാവിലെ സ്കൂളില് പോയ ധന്യ വൈകുന്നേരം വീട്ടില് തിരിച്ചു പോയില്ല. അണ്ണന്റെ വീട്ടില് വെപ്പും കുടിയുമായി കൂടി എന്ന് ചുരുക്കം.കല്യാണം ഒന്നും കഴിച്ചിട്ടില്ല. "ഓ എന്തര് മാഡം, ഇതൊക്കെ ഒരു വിശ്വാസം അല്ലേ'' എന്ന് ധന്യ ചോദിക്കുമ്പോള് അത്ഭുതപ്പെടെണ്ടാ. ഇപ്പോഴും സഹജീവികളെ വിശ്വസിക്കാന് തയ്യാറുള്ള മനുഷ്യര് ഇന്നാട്ടില് ഉയിരോടെ ഉണ്ട്.
ചെന്ഗല് ചൂളയില് സര്‍ക്കാര് കൊടുത്ത ഫ്ലാറ്റിലാണ് താമസം. എങ്ങിലും അവിടെ സ്ഥിരമായി താമസിച്ചു ഈ ജോലിയും ചെയ്തു കഴിഞ്ഞു കൂടാന് ഒന്നും അല്ല പരിപാടി. രണ്ടാമത്തെ കുട്ടി കൂടി ഒന്നു സ്കൂള് പരുവം ആകാന് കാത്തിരിക്കുകയാണ് ധന്യ. എന്നിട്ട് വേണം ഒന്നു ഗള്‍ഫില് ഒക്കെ പോയി കൊറേ കാശുണ്ടാക്കാന്. "പിന്നെ ഞാന് സിനിമേലൊക്കെ കാണും പോലെ മുടിയൊക്കെ പിരുത്തിട്ട് നടക്കും. അണ്ണന് സ്വന്തമായി ഒരു ഓട്ടോ വാങ്ങിക്കും. പിള്ളേരെ വല്യ കോളേജില് വിട്ടു പഠിപ്പിക്കും'' സ്വപ്‌നങ്ങള് ഒരുപാടാണ് ഈ ഇരുപത്തിരണ്ടു കാരിയുടെ ചെറിയ മനസ്സില്.
നമ്മള് എന്തെങ്കിലും ഒരു പ്രശ്നവും ആയി തലപുകച്ചു സിസ്റ്റം തല്ലിപ്പൊട്ടിക്കാന് തുടങ്ങുമ്പോള് ആവും ധന്യ വരിക. '' എന്തര് മാഡം, ആ ഗൂഗ്ലി യോട് ചോദിച്ചാല് പോരേ'' അവള് ഇവിടെ വന്നു കഴിഞ്ഞു പഠിച്ചതാണ് അത്. എല്ലാ പ്രശ്നങ്ങള്ക്കും ഉത്തരം തരുന്ന ഒരു പുതിയ ദൈവം. '' ഗൂഗ്ലി''

ദാ ഇപ്പൊ വന്നു പോയതേ ഉള്ളൂ...

''മാഡത്തിന്റെ ഫോണില് പാട്ടു കേള്‍ക്കുമോ ?'' ഇതാണ് ചോദ്യം. അണ്ണന്റെ ഫോണില് കേള്‍ക്കില്ല. പക്ഷെ അടുത്ത വീട്ടില് കേള്‍ക്കും അത്രെ. ഞാന് ഫോണ് എടുത്തു ഒരു പാട്ട് ഇടാന് ഒരുങ്ങി. ഒരു വരി മൂളിയതേ ഉള്ളൂ ചിത്ര. ധന്യ പോയി. "മാഡം കേട്ടോ, എനിക്ക് ഇതു കേട്ടാല് ഉറക്കം വരും. എനിക്ക് വേറെ ജോലി ഉള്ളതാ... "

അതേ...അവള്ക്ക് വേറെ ജോലി ഉള്ളതാ.. അവളെ വിട്ടേക്കാം....

Friday, June 6, 2008

അഗ്രിഗേറ്ററില് വരാത്ത ഒരു പാവം പട്ടണം

ഇതൊരു ചെറിയ പട്ടണത്തിന്റെ വിശേഷമാണേ.... അഗ്രിഗേറ്ററില് വരാത്തത് കൊണ്ടു പിന്നേം പോസ്റ്റുന്നു.ഈ ലിങ്ക നോക്കു...

Wednesday, June 4, 2008

ഉറങ്ങാന്‍ മടിക്കുന്ന പട്ടണം


പാതിരാവിന്റെ തണുത്ത കാറ്റു വീശിതുടങ്ങുംബോഴെയ്ക്കും കേരളത്തിലെ ചെറുപട്ടണങ്ങള് എല്ലാം തന്നെ ഉറങ്ങി കഴിഞ്ഞിരിക്കും. കണ്ണ് ചിമ്മുന്ന വഴിവിളക്കുകളെ ഏകാന്തത പഠിപ്പിച്ചു കൊണ്ടു നിരത്തുകള്‍ എല്ലാം ഒഴിഞ്ഞു കിടക്കും. പട്ടണം എന്നൊക്കെ വിളിച്ചാല്‍ ആര്ഭാടമായേകാവുന്ന, ഏറ്റുമാനൂര്‍ എന്ന, മധ്യ തിരുവിതാംകൂറിലെ ഈ വലിയ കവലയില്‍ മാത്രം സൂര്യന്‍ അസ്തമിചാലും ആരവങ്ങള്‍ ഒഴിയുന്നില്ല. അസംഖ്യം നാഷണല്‍ പെര്‍മിറ്റ്‌ ലോറികള്‍ മോഹനിദ്രയിലാണ്ട് ഹൃദയത്തിലെയ്ക്ക് പാഞ്ഞു കയറിയപ്പോള്‍ തകര്ന്നു പോയ ഡിവൈടറുകളും മൈല്ക്കുറ്റികളും അതിരിടുന്ന ഈ ചെറു പട്ടണത്തിന്റെ കേന്ദ്ര ഭാഗത്ത് മാത്രം രാത്രിയുടെ ഏത് മണികൂറിലും ഉറക്കമില്ലാത്ത മനുഷ്യരുടെ തിരക്കാണ്.
ദക്ഷിണേന്ഡൃയിലെ അറിയപ്പെടുന്ന ഒരു മത്സ്യ മാര്‍കറ്റ് പാതിരാവിലാണ് ഈ പട്ടണമധ്യത്തില് ഉണരുന്നത്. പ്രാന്തപ്റദേശങ്ങളില് നിന്നും നഗരഹൃദയതിലേയ്ക്ക് അടുക്കും തോറും മൂക്ക്‌ മീന്മണം അളന്നുതുടങ്ങും. രാത്രി എട്ടു മണിയോടെ തന്നെ വിശാഖപട്ടണം, തൂത്തുക്കുടി, കന്യാകുമാരി, മുനമ്പം, കൊച്ചി, നീണ്ടകര എന്നിങ്ങനെ വിവിധ പ്രദേശങ്ങളില്‍ നിന്നും മീന്‍ നിറച്ച ലോറികള്‍ എത്തിത്തുടങ്ങും. തെല്ലു ദൂരെ, കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ചെറുകിട മത്സ്യ വ്യാപാരികളും സൈക്കിളിലും സ്കൂട്ടറിലും ഒക്കെയായി സ്ഥലത്തെതും. പട്ടണത്തിന്റെ നിരത്തുകള്‍ ഉത്സവം പിരിഞ്ഞ മൈതാനം പോലെ, അങ്ങും ഇങ്ങും സംസാരിച്ചും ചില്ലറ വഴക്കുകള്‍ ഉണ്ടാക്കിയും നടക്കുന്ന മനുഷ്യരെക്കൊണ്ട്‌ നിറഞ്ഞിരിക്കും. പകല്‍ വെളിച്ചത്തില്‍ കാണുന്ന വെളുത്ത മാന്യത പട്ടണത്തിന് അപ്പോള്‍ ഉണ്ടാകില്ല. നഗര മധ്യത്തിലെ ക്രിസ്തുരാജനും ഏറ്റുമാനൂരപ്പനും അപ്പോഴേയ്ക്കും ഉറക്കം പിടിച്ചിട്ടുണ്ടാവും.
ചെറുകിട ബാര്‍ ഹോട്ടലിന്റെ അലൂമിനിയം വാതിലില്‍ കൊട്ടി ശബ്ദമുണ്ടാക്കിയാല്‍ ഉള്ളില്‍ നിന്നും ആള് വന്നു വില കുറഞ്ഞ വിദേശ മദ്യം വില്‍ക്കും. അല്‍പ്പം ദൂരെയുള്ള ചെറു തിയേറ്ററില് സ്പെഷ്യല്‍ പാതിരാപടങ്ങള്‍ കളിക്കുന്നുണ്ടാവും. താത്പര്യം ഉള്ളവര്‍ക്ക്‌ ഇരുട്ടിന്റെ മറവില്‍ വിശന്ന വളകിലുക്കങ്ങള്‍ക്ക് കാതോര്‍ക്കുകയുമാവാം. ബ്ലേഡ് മാഫിയയുടെയും ഗുണ്ടാ സംഘങ്ങളുടെയും മോഷണ ശ്രമങ്ങളുടെയും അനവധി നിയമ വിരുദ്ധ കലാപ്രകടനങ്ങളുടെയും കണക്കു കുറവല്ല ഈ നാട്ടില്‍.
വെളുപ്പിന് രണ്ടു മണിയോടെയാണ് മത്സ്യ മാര്‍കറ്റില്‍ ലേലം വിളികള്‍ ആരംഭിക്കുക. മീന്‍ കയറ്റി വന്ന ലോറികള്‍ ഏറ്റുമാനൂരിലെ എട്ടു മീന്‍ തരകന്മാര്‍ ഏറ്റെടുക്കും. ഓരോ ലോറിയിലും 35 മുതല്‍ 40 കിലോ വരെ മത്സ്യം നിറയ്ക്കാവുന്ന അറുപതോളം പെട്ടികള്‍ ഉണ്ടാകും. ഓരോ ലോറിയിലെയും മത്സ്യം ഇനം തിരിച്ചു ചെറുകിട വ്യാപാരികള്‍ക്ക്‌ ലേലം ചെയ്തു കൊടുക്കുകയാണ് പതിവ്. എത്ര ലോറികള്‍ നിറയെ മത്സ്യം ഉണ്ടെങ്ങിലും ഇവിടെ ഒരേ സമയത്താണ് ലേലം നടക്കുക. ഒരു രാത്രി ശരാശരി 15 ലക്ഷം രൂപയുടെകച്ചവടം നടക്കാറുണ്ട്. തരകന്മാരുടെ കണക്കു പുസ്തകങ്ങളില്‍ എഴുതിചെര്‍ക്കപ്പെട്ട മീനിന്റെ വില പിറ്റേന്നു രാത്രിയാണ് കൊടുത്തു തീരേക്കേണ്ടത്. വീട്ടുവാതില്‍ക്കല്‍ വരുന്ന മീന്കാരന്റെ പെട്ടിയിലെ അക്കങ്ങളും അക്ഷരങ്ങളും യഥാര്‍ത്ഥത്തില്‍ വിലാസങ്ങളും കണക്കുകളുമാണ്. പിറ്റേന്നു ഈ പെട്ടിയും മീന്‍ വിട്ട പണവും തിരികെ എല്പ്പിക്കേണ്ടാതാണ്. എല്ലാത്തിനും ഇവിടെ കണക്കുകള്‍ ഉണ്ട്. ഈ മാര്‍കറ്റില്‍ നിന്നും പണം ഉണ്ടാക്കിയവരുടെയും പണം കളഞ്ഞവരുടെയും നീണ്ട നിര തന്നെയുണ്ട്‌. മീന്വില്‍പ്പനക്കാരോടൊപ്പം ലോടിന്ഗ് തൊഴിലാളികളും പലിശക്ക് പണം കൊടുക്കുന്നവരും വാടകഗുണ്ടകളുമൊക്കെ രാത്രി ഈ പട്ടണത്തില്‍ നിറയുന്നു.
ഉരുകിതുടങ്ങിയ ഹിമക്കട്ടകള്‍ക്ക് മത്സ്യത്തിന്റെ ചൂരാണിവിടെ. മീന്‍ നനവുള്ള കുപ്പായങ്ങളും മദ്യം മണക്കുന്ന മുഖങ്ങളും ലേലം ഉറപ്പിക്കുന്നതിന്റെ വാഗ്വാദങ്ങളും ഈ പട്ടണത്തിന്റെ രാത്രികാല സൌന്ദര്യശാസ്ത്റത്തില് പെടുന്നു. വെളുപ്പിന് മൂന്നുമണിക്കും തട്ടുകടകളില്‍ വില്‍പ്പന പൊടിപൊടിക്കുന്നു. കൂട്ടമായി നിന്നിരുന്ന കച്ചവടക്കാരെല്ലാം തങ്ങളുടെ നാട്ടിന്പുറങ്ങളിലെയ്ക്ക് ഹോണ്‍ മുഴക്കിക്കൊണ്ട്‌ ഒറ്റയൊറ്റയായി യാത്ര തിരിചിട്ടുണ്ടാവും. ഏറ്റവും പുതിയ തലമുറയുടെ ചുണ്ടില്‍ നിന്നും മൂളിപ്പാട്ടായി ഉയരുന്നത്‌ 'തു ഹി മേരി ശബ് ഹേ ' എന്ന ഹിന്ദി ഗാനം. പട്ടണം കടന്നു പോകുന്ന തീവണ്ടികളുടെ ചൂളംവിളികളും ചങ്ങലക്കിലുക്കങ്ങളും കേള്ക്കാം ഇടയ്ക്കിടെ. പ്രഭാത സൂര്യന്റെ ആദ്യ കിരണങ്ങള്‍ പട്ടണത്തെ തൊട്ടുണര്ത്തും മുന്പ് മത്സ്യമാര്കട്ട് കഴുകി വെടിപ്പാക്കിയിട്ടുണ്ടാകും.
ചെമ്മണ്‍ പാതയിലൂടെ കാളവണ്ടിച്ചക്രങ്ങള്‍ ഉരുണ്ടിരുന്ന രാജഭരണ കാലത്തു പേരുകേട്ട താമരപ്പോയ്കയായിരുന്ന ഈ പ്രദേശം നികന്നു നികന്നു സ്വയം പട്ടണമായി രൂപാന്ദരപ്പെട്ടു കഴിഞ്ഞു . പ്രൌഢമായിരുന്ന ആ പഴയ കുളത്തിന്റെ പ്രേതമായി മാറിക്കഴിഞ്ഞ, മത്സ്യ ഗന്ധം പേറുന്ന ഒരു കൊച്ചു ജലക്കഷണത്തെയാണ് ഏറ്റുമാനൂരുകാര്‍ ഇന്നും 'ചിറക്കുളം' എന്ന് വിളിക്കുന്നത്.
നേരം വെളുത്തു തുടങ്ങുമ്പോള്‍ തെക്കു കൈതമല മഹുയ്ദ്ദീന് ജമാ അത്ത് പള്ളിയില്‍ നിന്നും മക്കയിലെയ്ക്ക് തിരിഞ്ഞു നിന്ന് ചെവിയില്‍ വിരല്‍ ചേര്‍ത്ത് ചിലമ്പിച്ച സ്വരത്തില്‍ മുക്റി നാടിനെ ഉണര്‍ത്തും. " അല്ലാഹ് അക്ബര്‍...." സ്പോര്‍ട്സ്‌ ഷൂസണിഞ്ഞ മധ്യവയസ്കന്മാര്‍ കുടവയര് കുറയ്ക്കുന്നതിനായി ഓടിതുടങ്ങും. ഉറക്കച്ചടവ് മാറാത്ത കുഞ്ഞുങ്ങള്‍ ഇലാസ്ട്ടിക് സോക്സ് ഇറുകിയ കുഞ്ഞിക്കാലുകള്‍ ചവിട്ടി ട്യൂഷന്‍ സെന്ടരുകളിലെയ്ക്ക് ഓടിതുടങ്ങും. ഏജന്റുമാരില് നിന്നും പത്രക്കെട്ടുകള് വീതിച്ചു കിട്ടിയ കൌമാരകാര്‍ പട്ടണഞരംപുകളിലൂടെ സൈകിള്‍ ചവിട്ടി ഓരോ വീട്ടുവളപ്പിലെയ്ക്കും വൈദഗ്ധ്യത്തോടെ പത്രം എറിഞ്ഞു തുടങ്ങും. ഈ പട്ടണത്തില്‍ പകല്‍ ആരംഭിക്കുകയാണ്.

Monday, April 28, 2008

ഭഗവാന്‍

കോട്ടയത്ത്‌ നിന്നും കൊച്ചിക്ക് യാത്ര ചെയ്യാറുന്ടെങ്ങില് ഏറ്റുമാനൂര്‍ കഴിയുമ്പോള്‍ ഒന്നു ശ്രദ്ധിക്കണം. രണ്ടു മൂന്നു ബസ്സ് സ്റൊപ്പുകളില്‍ ഒന്നില്‍ ഉദ്ദേശം എഴുപതു വയസു വരുന്ന ഒരു മനുഷ്യനെ നിങ്ങള്‍ കണ്ടേക്കാം. സാധാരണ ദിവസങ്ങളില്‍ ആണ് അദ്ദേഹം ഇങ്ങനെ അടങ്ങി ഇരിക്കാറ്. ചില പ്രത്യേക ദിവസങ്ങളില്‍ നിങ്ങള്ക്ക് അദ്ദേഹത്തെ ഒരു തരം ഉണ്മാദാവസ്ഥയില് കാണാം . ചിലപ്പോള്‍ റോഡിന്റെ നടുവില്‍ വണ്ടി തടയുന്നത് കാണാം. കാത്തു പുളിക്കുന്ന തരം പൂരപ്പാട്ട് കേട്ടാല്‍ മടിക്കണ്ട , രണ്ടു കൈകളും തലയുടെ ഇരുവശത്തും സ്ഥാപിച്ചു ശാസ്ത്രീയമായി തന്നെ ചെവി പൊത്തിക്കോളൂ.കാരണം നിങ്ങള്‍ അദ്ദേഹത്തിന്റെ അസഭ്യവര്‍ഷം കേള്‍ക്കാന്‍ വേണ്ടി യാതൊരു തെറ്റും ചെയ്തിട്ടില്ല . അദ്ദേഹം പറയുന്നതു മുഴുവന്‍ ഞങ്ങള്‍ നാട്ടുകാര്‍ക്ക് വേണ്ടിയാണ് . നാട്ടുകാരെ ഉദ്ദേശിച്ചാണ് . ഒരു പരിധി വരെ , ഞങ്ങളെ നന്നാക്കാനും നേര്‍വഴി നടത്താനും വേണ്ടിയാണ് . ഈ പ്രസംഗം മുഴുവന്‍ നടത്തുന്നത് കഞ്ചാവ് ആദ്ദേഹത്തിന്റെ പന്ചെന്ദ്രിയങ്ങളെ മുഴുവന്‍ ലഹരിയില്‍ ആഴ്ത്തുംബോഴാണ്.
അദ്ദേഹത്തിന്റെ എനിക്കറിയാവുന്ന പേരു ഭക്തരാജ് എന്നാണ്. ആളുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ 'ഭഗവാന്‍ ഭക്തരാജ് '. ഞാനൊരുപാട് കഷ്ടപ്പെട്ടു അന്വേഷിച്ചിട്ടും ഇദ്ദേഹത്തിന്റെ പൂര്വാശ്രമത്തിലെ പേരു കണ്ടെത്താന്‍ സാധിച്ചില്ല. അത് നാട്ടില്‍ എല്ലാര്‍ക്കും അജ്ഞാതം. അല്ലെങ്ങില്‍ തന്നെ പഴയ ഒരു പെരിലോക്കെ എന്തിരിക്കുന്നു ? രത്നാകരന്‍ അല്ലല്ലോ വാല്മീകിയല്ലേ ' പുലി '.

പ്രായം ഞാന്‍ പറഞ്ഞല്ലോ, വൃദ്ധനാണ് . എന്നാല്‍ കാലത്തിനതീതന്‍ എന്നൊക്കെ പറയാവുന്ന ഒരാള്‍ . പ്രായത്തിനു ചുളിവു വീഴ്താനാവാത്ത തിളങ്ങുന്ന തൊലി .ബലിഷ്ഠമായ ശരീരം. ഞാന്‍ കാണാറുളളപ്പോഴൊക്കെ തവിട്ടു ഷര്‍ട്ടും ഒരു പച്ച മുണ്ടുമാണ്‌ വേഷം. മഴക്കാലമായാല്‍ കയ്യില്‍ ഒരു ബഹുവര്‍ണക്കുടയും ഉണ്ടാകും. അറ്റത്ത് വിസില്‍ പിടിപ്പിച്ചത്‌.

ഞങ്ങള്‍ ഈ നാട്ടിലേയ്ക്ക് താമസം മാറി വന്നപ്പോഴാണ് ഞാന്‍ ഇദ്ദേഹത്തെ ആദ്യമായി കാണുന്നത്. അന്നൊക്കെ എനിക്കിദ്ദേഹത്തെ പേടിയായിരുന്നു. എനിക്കെന്നല്ല , കുട്ടികള്‍ക്കെല്ലാവര്‍ക്കും .കാരണം ഇയാള്‍ ഞങ്ങള്‍ കുട്ടികളെ കാണുമ്പോള്‍ ചിറി വക്രിപ്പിച്ചു പല്ലിളിച്ചു കോക്രി കാട്ടുമായിരുന്നു . പിന്നീടെപ്പൊഴോ ആള്‍ അത്ര പ്രശ്നക്കാരന്‍ അല്ല എന്ന് മനസിലായി. ലഹരിയില്‍ അടക്കം ചെയ്ത വല്ലാത്ത ഒരു തരം സുബോധം അയാള്‍ക്കുണ്ടായിരുന്നു .


വേനല്‍ക്കാലങ്ങളില്‍ ഭക്തരാജിനു ഒരു സ്ഥിരം വരുമാനമാര്‍ഗം ഉണ്ട് . കിണര്‍ തേകല്. എല്ലാ വേനലിലും മുടങ്ങാതെ ഭക്തരാജ് വീട്ടില്‍ വരും. പുറകുവശത്ത് കൂടി വന്നു ,കിണറിന്റെ വല മാറ്റി കാര്യമായൊന്നു നിരീക്ഷിച്ചതിന് ശേഷം മുന്വശത്ത് വരും. എന്നിട്ട് അപ്പനോട് പറയും , "അധികം പണിയൊന്നും ഇല്ല . കൊറച്ചു പള്ളയുണ്ട്.അതോക്കെയോന്നു പറിച്ചുകളഞ്ഞു കിണറു തേകണം. ഇന്നെനിക്കു നേരമില്ല , ഞാന്‍ നാളെയേ വരൂ കേട്ടോ ".

"ആയിക്കോട്ടെ ഭക്താ, നമുക്കു ധൃതിയില്ല, നാളെ മതി " എന്ന് അപ്പന്‍ പറയും. കിണര്‍ തേകുക എന്നത് പൂര്‍ണമായും നമ്മുടെ ആവശ്യമാണെന്നും ഭക്തരാജ് എന്ന തിരക്കേറിയ കിണര്‍ തേകല്ക്കാരന്റെ വിലയേറിയ സമയത്തില്‍ നിന്നും ഒരു പങ്കു നമുക്കായി വിനിയോഗിക്കാന്‍ അദ്ദേഹം തയ്യാരാണെന്നുമൊക്കെ നമ്മെ ബോധ്യപ്പെടുത്തലാണ് ഈ പ്രസ്താവനയിലൂടെ അദ്ദേഹം ലക്ഷ്യമാക്കുന്നത്‌. അദ്ദേഹത്തിന്റെ ഈ സേവന വാഗ്ദാനത്തെ കൃതാര്ത്ഥതയോടെ നാം സ്വീകരിക്കണം.

അടുത്ത ദിവസം രാവിലെ തന്നെ വലിയ ഒരു വടം, മണ്ണ് കോരാനുള്ള കൊട്ട മുതലായ സാധന സാമഗ്രികളുമായി വന്നു ഭക്തരാജ് പണി തുടങ്ങും. സഹായികള്‍ ആരും ഉണ്ടാകില്ല. ആരെങ്ങിലും കിണര്‍ കോരി വറ്റിക്കാന്‍ ഒന്നു സഹായിച്ചാല്‍ മതി. ജോലിക്കിടെ അടുത്തയിടെ തെകിയ കിണറുകളുടെയൊക്കെ കഥ കിണറ്റിലിരുന്നു പറയും. ഞങ്ങളൊക്കെ കിണറ്റുകരയില്‍ ഇരുന്നു കേള്‍ക്കും.

"നിങ്ങടെ കിണറിനു വലയിടുന്നത് കൊണ്ടു വല്യ മെനക്കേടില്ല. ഇന്നലെ തേകിയ കിണററീന്നു അണ്ടര്‍ വെയറും പെണ്ണുങ്ങളുടെ തുണിമണികളുമൊക്കെ കിട്ടി. അലക്കിയിടുന്നതൊക്കെ അവിടുത്തെ കുരുത്തം കെട്ട ചെക്കനെടുത്തു കിണറ്റില്‍ ഇടുന്നതാ..."

കിണറിനകം തേച്ച് കഴുകി വൃതിയാക്കിയത്തിനു ശേഷം ഉറവകളില്‍ നിന്നും വെള്ളം പനചിറങ്ങി തുടങ്ങുമ്പോള്‍ ഭക്തരാജ് മുകളിലെത്തും. അങ്ങനെ ഈ വേനലിനു ഞങ്ങളുടെ കിണര്‍ തേകിയതിനെ പിറ്റേന്‍നാണ് കാലം തെറ്റിയ ഒരു മഴ പെയ്തത്‌. എല്ലാ കിണറ്റിലും നിറയെ വെള്ളം. അന്ന് മഴയത്ത് നനഞ്ഞു വന്ന ഭക്തരാജ് അപ്പനെ കണ്ടു ഉറക്കെ വിളിച്ചു പറഞ്ഞു. "കൊറച്ചു കാശൊക്കുനന ഒരു പണിയോണ്ടാരുന്നതാ...നശിച്ച മഴ വന്നു അത് പോയിക്കിട്ടി"

ഉറങ്ങാന്‍ പോകുന്ന രാത്രികളില്‍ കാതോര്താല്‍ എനിക്ക് ഭക്തരാജിന്റെ പാട്ടു കേള്ക്കാം. പ്രപഞ്ചവുമായി ബന്ധിപ്പിക്കുന്ന ചങ്ങല തകര്‍ത്ത്‌, കഞ്ചാവിന്റെ ലഹരിയില്‍ മുങ്ങി, പാതിരാവിന്റെ കറുത്ത ഇരുട്ടിലൊളിച്ച നാട്ടു വഴികളിലൂടെ ഭക്തരാജ് ഉറങ്ങുന്നിടതേയ്ക്ക് ചേക്കേറാനുള്ള യാത്രയിലാണ്. പാട്ടെന്നങ്ങനെ നിസ്സാരമായി പറഞ്ഞാല്‍ പോര. 'കാട്ടിലെ പാഴ്മുളം തണ്ടില്‍' തുടങ്ങി 'പാതിരാക്കാറ്റില്‍ നിന്റെ പട്ടുറുമാലിളകിയതും' കഴിഞ്ഞു ഒടുവില്‍ ചെന്നവസാനിക്കുക ഏതെങ്കിലും ഒരു ത്യാഗരാജ കീര്തനതിലാവും.

എന്റെ ശുഷ്കമായ സംഗീത പരിജ്ഞാനം വെച്ചു നോക്കിയാല്‍ ഞാന്‍ മനസിലാക്കുന്നത്‌ അയാളുടെ സംഗീതം അതിമനോഹരം എന്നാണ്. പ്രായത്തിനു പതര്‍ച്ച വരുതാനാവാത്ത ഘന ഗംഭീര ശബ്ദം. ചെറിയ ചില ഗാനമേളകള്‍ ഒക്കെ അടുത്തുള്ള കവലകളില്‍ നടത്താറുണ്ടിടയ്ക്കിടെ. വളരെ ചെറിയ ഒരു നോട്ടീസ്, 'ഗാനമേള ഭക്തരാജ് & ടീം' എന്നൊക്കെ എഴുതിയത് മുടങ്ങാതെ കൊണ്ടു വന്നു തരും. ഒരു നൂറു രൂപ സംഭാവന കിട്ടിയാല്‍ സന്തോഷം. ഇല്ലെങ്ങിലും സന്തോഷം.

ഇങ്ങനെയോക്കെയാനെങ്ങിലും രണ്ടു വിഭാഗം ആള്‍ക്കാരോട് ഭക്തരാജിനു ചെറുതല്ലാത്ത പ്രതിഷേധം ഉണ്ട്. സ്ത്രീകളോടും ദൈവങ്ങളോടും. വഴിയില്‍ ബസ്സ് കാത്തു നില്ക്കുന്ന സകല പെന്നുങ്ങളെയും തെറി വിളിക്കും. പക്ഷെ എന്നെ കണ്ടാല്‍ പറയും ,'' അയ്യോ, കൊച്ചിനെ ഞാന്‍ ഒന്നും പറഞ്ഞില്ല കേട്ടോ. അതിന്റെ അപ്പന്‍ വല്ലപ്പോഴും ഒക്കെ ഗാനമേളക്ക് സംഭാവന തരുന്നതാ ..."

ദൈവങ്ങള്‍ക്ക് അതിരൂക്ഷമായ ചോദ്യങ്ങള്‍ ആണ് നേരിടെണ്ടിവരുന്നത്‌. ദൈവം ഒരുതനോടും നീതി പുലര്‍ത്തുന്നില്ല എന്നതാണ് മുഖ്യ ആരോപണം. പെണ്ണുങ്ങള്‍ മഹാകള്ളികളും സന്ദര്ഭതിനനുസരിച്ചു നയം മാറ്റുന്നവരും ആണെന്നും.

കവലയില്‍ നിന്നു ഉച്ചസ്ഥായിയില്‍ അയാള്‍ അലറും ,"ദൈവങ്ങളെ, കള്ള നായിന്റെ മക്കളേ, .......( ബാക്കി കുറച്ചു ഭാഗം, തെറികളില്‍ നിങ്ങള്‍ക്കുള്ള പരിജ്ഞാനമനുസരിച്ചു യഥേഷ്ടം പൂരിപ്പിക്കാവുന്നതാണ്. ) ....നിങ്ങള്ക്ക് ലോകം നേരെ ചൊവ്വേ നടത്താന്‍ അറിയില്ല. നീതി നടപ്പാക്കാന്‍ അറിയില്ല. ഞാന്‍ കാണിച്ചു തരാം " പിന്നെ ഒരു അലര്‍ച്ചയാണ്‌.

ഈ ദേഷ്യത്തിന്റെ രഹസ്യം അറിയാന്‍ വേണ്ടി ഞാന്‍ ചില നാട്ടു ചരിത്രകാരന്മാരുടെ സഹായത്തോടെ ഒരു ഗവേഷണം നടത്തി. ഉത്തരം കണ്ടെത്തുകയും ചെയ്തു. നമ്മുടെ നായകന്‍ ഒരു പഴയ പരീക്കുട്ടി ആണ്. പണ്ടു പണ്ട് മഹാന്‍ ചെറുപ്പമായിരുന്നപ്പോ വളരെ പ്രശസ്തനായ ഒരു നാടകനടനും ഗായകനും ഒക്കെ ആയിരുന്നത്രെ. ഉത്തരേന്ദ്യ മൊത്തം ചുറ്റിയിട്ടുണ്ട്. ഒപ്പം പാടിയ ഒരു ഭാവഗായിക ജീവിതസഖിയായി. പിന്നെ അവര്‍ മറ്റാരുടെയോ കൂടെ സ്ഥലം വിട്ടു. ഒടുവില്‍ ഭാവഗായകന്‍ ഇങ്ങനെയായി.അങ്ങനെയത്രേ സ്ത്രീവര്‍ഗതോടും തന്നോടു നീതി പുലര്‍ത്താത്ത ദൈവങ്ങളോടും ഈ വിരക്തി തുടങ്ങിയത്.

ഈയിടെയായി ഭക്തരാജില്‍ ചെറിയ ചില മാറ്റങ്ങള്‍. പഴയതു പോലെ ബഹളങ്ങള്‍ ഇല്ല. ചീത്ത പറച്ചില്‍ തീരെയില്ല. ദൈവങ്ങളുമായി ഒരു സഖ്യത്തില്‍ എത്തിയത് പോലെ, അവരോടും വിരോധമില്ല. ഒരെയിരിപ്പാണ്. ഇടയ്ക്ക് ചില കീര്‍ത്തനങ്ങള്‍ ഒക്കെ മൂളും. ആരെങ്കിലും കാശോ ബീഡിയോ കൊടുത്താല്‍ കയ്യില്‍ വാങ്ങില്ല.''അവിടെ വെചെക്കൂ കുട്ടി '' എന്നാണുത്തരം..... ഭഗവാന്റെ നാമം വാഴ്ത്തപ്പെടട്ടെ......


Tuesday, April 22, 2008

വയസായെന്നോ ??? ഞങ്ങള്‍ക്കോ ???


ഇന്ത്യയിലെ ഒരു മെട്രോ നഗരം.
വെയില്‍ ചാഞ്ഞു തുടങ്ങുന്ന ഒരു നാല് മണി .
ഒരു ഭീമന്‍ ഷോപ്പിങ്ങ് മാള്‍. വലിയ എസ്കലേറ്റരുകള്, വലിയ കടകള്‍ , വലിയ വലിയ മനുഷ്യര്‍ ... കൈ നിറയെ ഷോപ്പിങ്ങ് സഞ്ചികളുമായി ധൃതി പിടിച്ചു ഇറങ്ങി പോകുന്ന മദ്ധ്യവയസ്കര്‍ ... ഐസ്ക്രീം നുണയുന്ന കുട്ടികള്‍ ... മുഖത്തോട്‌ മുഖം നോക്കി സമയം പോകുന്നതറിയാതെ ഓരോന്ന് പറഞ്ഞു ചിരിക്കുന്ന യുവത്വം...
ഇതു ഒരു സ്ഥിരം നഗര കാഴ്ച. നഗരത്തിന്റെ തിരക്കില്‍ നിന്നും സമാധാനം തേടി നാഗരികര്‍ എത്തുന്നതും ഈ തിരക്ക് പിടിച്ച കച്ചവട ശാലകളില്‍ ആണ് . സോഫ്റ്റ് വെയര്‍ കമ്പനികളില്‍ ജോലി ചെയ്തു കിട്ടുന്ന പണവും ടെന്ഷനുകളും ഇവിടെ ആവശ്യമുള്ളതും ഇല്ലാത്തതും എല്ലാം ഭ്രാന്തമായ ആവേശത്തില്‍ വാങ്ങിതീര്‍ത്തു ഒഴുക്കിക്കളയുന്നു ഇന്ത്യന്‍ യുവത്വം.
ഇതു യുവത്വത്തിന്റെ ചേക്ക....അവര്‍ കൂട് കൂട്ടുന്നിടം. അവിടെ നിന്നും എനിക്ക് കിട്ടിയതാണ് ഈ രണ്ടു വയസന്‍ കുരുവികളെ. ചെറുമകകളെ കാണാന്‍ ഗുജറാത്തില്‍ നിന്നും ദക്ഷിണേന്ത്യയിലെ വന്‍ നഗരത്തില്‍ വന്ന ' യുവ മിഥുനങ്ങള് '. ഈ പ്രായത്തിലും ഇങ്ങനെ ചുറ്റി കറങ്ങി നടക്കുന്നതിനെ പറ്റി എങ്ങാനും ചോദിച്ചാല്‍ ഈ പഴയ യുവസിംഹത്തിന്റെ ഭാവം മാറും. എഴുപതൊന്നും മൂപ്പരുടെ അഭിപ്രായത്തില്‍ ഒരു പ്രായമേ അല്ല. ' दूसरा हनीमून है बेटी ' എന്ന് മൂപ്പിലാന്‍ പറയുമ്പോള്‍ ഷഷ്ഠി പൂര്‍ത്തി കഴിഞ്ഞ യുവസുന്ദരിക്ക് നവ വധുവിന്റെ നാണം. ഒടുവില്‍ പോകാന്‍ നേരം മക്ഡൊണാള്‍ഡിനോടൊപ്പം ഇരുന്നു പോസ് ചെയ്തു ഒരു ഒന്നാംതരം രണ്ടാം മധു വിധു ഫോട്ടോ കൂടി....