Monday, April 28, 2008

ഭഗവാന്‍

കോട്ടയത്ത്‌ നിന്നും കൊച്ചിക്ക് യാത്ര ചെയ്യാറുന്ടെങ്ങില് ഏറ്റുമാനൂര്‍ കഴിയുമ്പോള്‍ ഒന്നു ശ്രദ്ധിക്കണം. രണ്ടു മൂന്നു ബസ്സ് സ്റൊപ്പുകളില്‍ ഒന്നില്‍ ഉദ്ദേശം എഴുപതു വയസു വരുന്ന ഒരു മനുഷ്യനെ നിങ്ങള്‍ കണ്ടേക്കാം. സാധാരണ ദിവസങ്ങളില്‍ ആണ് അദ്ദേഹം ഇങ്ങനെ അടങ്ങി ഇരിക്കാറ്. ചില പ്രത്യേക ദിവസങ്ങളില്‍ നിങ്ങള്ക്ക് അദ്ദേഹത്തെ ഒരു തരം ഉണ്മാദാവസ്ഥയില് കാണാം . ചിലപ്പോള്‍ റോഡിന്റെ നടുവില്‍ വണ്ടി തടയുന്നത് കാണാം. കാത്തു പുളിക്കുന്ന തരം പൂരപ്പാട്ട് കേട്ടാല്‍ മടിക്കണ്ട , രണ്ടു കൈകളും തലയുടെ ഇരുവശത്തും സ്ഥാപിച്ചു ശാസ്ത്രീയമായി തന്നെ ചെവി പൊത്തിക്കോളൂ.കാരണം നിങ്ങള്‍ അദ്ദേഹത്തിന്റെ അസഭ്യവര്‍ഷം കേള്‍ക്കാന്‍ വേണ്ടി യാതൊരു തെറ്റും ചെയ്തിട്ടില്ല . അദ്ദേഹം പറയുന്നതു മുഴുവന്‍ ഞങ്ങള്‍ നാട്ടുകാര്‍ക്ക് വേണ്ടിയാണ് . നാട്ടുകാരെ ഉദ്ദേശിച്ചാണ് . ഒരു പരിധി വരെ , ഞങ്ങളെ നന്നാക്കാനും നേര്‍വഴി നടത്താനും വേണ്ടിയാണ് . ഈ പ്രസംഗം മുഴുവന്‍ നടത്തുന്നത് കഞ്ചാവ് ആദ്ദേഹത്തിന്റെ പന്ചെന്ദ്രിയങ്ങളെ മുഴുവന്‍ ലഹരിയില്‍ ആഴ്ത്തുംബോഴാണ്.
അദ്ദേഹത്തിന്റെ എനിക്കറിയാവുന്ന പേരു ഭക്തരാജ് എന്നാണ്. ആളുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ 'ഭഗവാന്‍ ഭക്തരാജ് '. ഞാനൊരുപാട് കഷ്ടപ്പെട്ടു അന്വേഷിച്ചിട്ടും ഇദ്ദേഹത്തിന്റെ പൂര്വാശ്രമത്തിലെ പേരു കണ്ടെത്താന്‍ സാധിച്ചില്ല. അത് നാട്ടില്‍ എല്ലാര്‍ക്കും അജ്ഞാതം. അല്ലെങ്ങില്‍ തന്നെ പഴയ ഒരു പെരിലോക്കെ എന്തിരിക്കുന്നു ? രത്നാകരന്‍ അല്ലല്ലോ വാല്മീകിയല്ലേ ' പുലി '.

പ്രായം ഞാന്‍ പറഞ്ഞല്ലോ, വൃദ്ധനാണ് . എന്നാല്‍ കാലത്തിനതീതന്‍ എന്നൊക്കെ പറയാവുന്ന ഒരാള്‍ . പ്രായത്തിനു ചുളിവു വീഴ്താനാവാത്ത തിളങ്ങുന്ന തൊലി .ബലിഷ്ഠമായ ശരീരം. ഞാന്‍ കാണാറുളളപ്പോഴൊക്കെ തവിട്ടു ഷര്‍ട്ടും ഒരു പച്ച മുണ്ടുമാണ്‌ വേഷം. മഴക്കാലമായാല്‍ കയ്യില്‍ ഒരു ബഹുവര്‍ണക്കുടയും ഉണ്ടാകും. അറ്റത്ത് വിസില്‍ പിടിപ്പിച്ചത്‌.

ഞങ്ങള്‍ ഈ നാട്ടിലേയ്ക്ക് താമസം മാറി വന്നപ്പോഴാണ് ഞാന്‍ ഇദ്ദേഹത്തെ ആദ്യമായി കാണുന്നത്. അന്നൊക്കെ എനിക്കിദ്ദേഹത്തെ പേടിയായിരുന്നു. എനിക്കെന്നല്ല , കുട്ടികള്‍ക്കെല്ലാവര്‍ക്കും .കാരണം ഇയാള്‍ ഞങ്ങള്‍ കുട്ടികളെ കാണുമ്പോള്‍ ചിറി വക്രിപ്പിച്ചു പല്ലിളിച്ചു കോക്രി കാട്ടുമായിരുന്നു . പിന്നീടെപ്പൊഴോ ആള്‍ അത്ര പ്രശ്നക്കാരന്‍ അല്ല എന്ന് മനസിലായി. ലഹരിയില്‍ അടക്കം ചെയ്ത വല്ലാത്ത ഒരു തരം സുബോധം അയാള്‍ക്കുണ്ടായിരുന്നു .


വേനല്‍ക്കാലങ്ങളില്‍ ഭക്തരാജിനു ഒരു സ്ഥിരം വരുമാനമാര്‍ഗം ഉണ്ട് . കിണര്‍ തേകല്. എല്ലാ വേനലിലും മുടങ്ങാതെ ഭക്തരാജ് വീട്ടില്‍ വരും. പുറകുവശത്ത് കൂടി വന്നു ,കിണറിന്റെ വല മാറ്റി കാര്യമായൊന്നു നിരീക്ഷിച്ചതിന് ശേഷം മുന്വശത്ത് വരും. എന്നിട്ട് അപ്പനോട് പറയും , "അധികം പണിയൊന്നും ഇല്ല . കൊറച്ചു പള്ളയുണ്ട്.അതോക്കെയോന്നു പറിച്ചുകളഞ്ഞു കിണറു തേകണം. ഇന്നെനിക്കു നേരമില്ല , ഞാന്‍ നാളെയേ വരൂ കേട്ടോ ".

"ആയിക്കോട്ടെ ഭക്താ, നമുക്കു ധൃതിയില്ല, നാളെ മതി " എന്ന് അപ്പന്‍ പറയും. കിണര്‍ തേകുക എന്നത് പൂര്‍ണമായും നമ്മുടെ ആവശ്യമാണെന്നും ഭക്തരാജ് എന്ന തിരക്കേറിയ കിണര്‍ തേകല്ക്കാരന്റെ വിലയേറിയ സമയത്തില്‍ നിന്നും ഒരു പങ്കു നമുക്കായി വിനിയോഗിക്കാന്‍ അദ്ദേഹം തയ്യാരാണെന്നുമൊക്കെ നമ്മെ ബോധ്യപ്പെടുത്തലാണ് ഈ പ്രസ്താവനയിലൂടെ അദ്ദേഹം ലക്ഷ്യമാക്കുന്നത്‌. അദ്ദേഹത്തിന്റെ ഈ സേവന വാഗ്ദാനത്തെ കൃതാര്ത്ഥതയോടെ നാം സ്വീകരിക്കണം.

അടുത്ത ദിവസം രാവിലെ തന്നെ വലിയ ഒരു വടം, മണ്ണ് കോരാനുള്ള കൊട്ട മുതലായ സാധന സാമഗ്രികളുമായി വന്നു ഭക്തരാജ് പണി തുടങ്ങും. സഹായികള്‍ ആരും ഉണ്ടാകില്ല. ആരെങ്ങിലും കിണര്‍ കോരി വറ്റിക്കാന്‍ ഒന്നു സഹായിച്ചാല്‍ മതി. ജോലിക്കിടെ അടുത്തയിടെ തെകിയ കിണറുകളുടെയൊക്കെ കഥ കിണറ്റിലിരുന്നു പറയും. ഞങ്ങളൊക്കെ കിണറ്റുകരയില്‍ ഇരുന്നു കേള്‍ക്കും.

"നിങ്ങടെ കിണറിനു വലയിടുന്നത് കൊണ്ടു വല്യ മെനക്കേടില്ല. ഇന്നലെ തേകിയ കിണററീന്നു അണ്ടര്‍ വെയറും പെണ്ണുങ്ങളുടെ തുണിമണികളുമൊക്കെ കിട്ടി. അലക്കിയിടുന്നതൊക്കെ അവിടുത്തെ കുരുത്തം കെട്ട ചെക്കനെടുത്തു കിണറ്റില്‍ ഇടുന്നതാ..."

കിണറിനകം തേച്ച് കഴുകി വൃതിയാക്കിയത്തിനു ശേഷം ഉറവകളില്‍ നിന്നും വെള്ളം പനചിറങ്ങി തുടങ്ങുമ്പോള്‍ ഭക്തരാജ് മുകളിലെത്തും. അങ്ങനെ ഈ വേനലിനു ഞങ്ങളുടെ കിണര്‍ തേകിയതിനെ പിറ്റേന്‍നാണ് കാലം തെറ്റിയ ഒരു മഴ പെയ്തത്‌. എല്ലാ കിണറ്റിലും നിറയെ വെള്ളം. അന്ന് മഴയത്ത് നനഞ്ഞു വന്ന ഭക്തരാജ് അപ്പനെ കണ്ടു ഉറക്കെ വിളിച്ചു പറഞ്ഞു. "കൊറച്ചു കാശൊക്കുനന ഒരു പണിയോണ്ടാരുന്നതാ...നശിച്ച മഴ വന്നു അത് പോയിക്കിട്ടി"

ഉറങ്ങാന്‍ പോകുന്ന രാത്രികളില്‍ കാതോര്താല്‍ എനിക്ക് ഭക്തരാജിന്റെ പാട്ടു കേള്ക്കാം. പ്രപഞ്ചവുമായി ബന്ധിപ്പിക്കുന്ന ചങ്ങല തകര്‍ത്ത്‌, കഞ്ചാവിന്റെ ലഹരിയില്‍ മുങ്ങി, പാതിരാവിന്റെ കറുത്ത ഇരുട്ടിലൊളിച്ച നാട്ടു വഴികളിലൂടെ ഭക്തരാജ് ഉറങ്ങുന്നിടതേയ്ക്ക് ചേക്കേറാനുള്ള യാത്രയിലാണ്. പാട്ടെന്നങ്ങനെ നിസ്സാരമായി പറഞ്ഞാല്‍ പോര. 'കാട്ടിലെ പാഴ്മുളം തണ്ടില്‍' തുടങ്ങി 'പാതിരാക്കാറ്റില്‍ നിന്റെ പട്ടുറുമാലിളകിയതും' കഴിഞ്ഞു ഒടുവില്‍ ചെന്നവസാനിക്കുക ഏതെങ്കിലും ഒരു ത്യാഗരാജ കീര്തനതിലാവും.

എന്റെ ശുഷ്കമായ സംഗീത പരിജ്ഞാനം വെച്ചു നോക്കിയാല്‍ ഞാന്‍ മനസിലാക്കുന്നത്‌ അയാളുടെ സംഗീതം അതിമനോഹരം എന്നാണ്. പ്രായത്തിനു പതര്‍ച്ച വരുതാനാവാത്ത ഘന ഗംഭീര ശബ്ദം. ചെറിയ ചില ഗാനമേളകള്‍ ഒക്കെ അടുത്തുള്ള കവലകളില്‍ നടത്താറുണ്ടിടയ്ക്കിടെ. വളരെ ചെറിയ ഒരു നോട്ടീസ്, 'ഗാനമേള ഭക്തരാജ് & ടീം' എന്നൊക്കെ എഴുതിയത് മുടങ്ങാതെ കൊണ്ടു വന്നു തരും. ഒരു നൂറു രൂപ സംഭാവന കിട്ടിയാല്‍ സന്തോഷം. ഇല്ലെങ്ങിലും സന്തോഷം.

ഇങ്ങനെയോക്കെയാനെങ്ങിലും രണ്ടു വിഭാഗം ആള്‍ക്കാരോട് ഭക്തരാജിനു ചെറുതല്ലാത്ത പ്രതിഷേധം ഉണ്ട്. സ്ത്രീകളോടും ദൈവങ്ങളോടും. വഴിയില്‍ ബസ്സ് കാത്തു നില്ക്കുന്ന സകല പെന്നുങ്ങളെയും തെറി വിളിക്കും. പക്ഷെ എന്നെ കണ്ടാല്‍ പറയും ,'' അയ്യോ, കൊച്ചിനെ ഞാന്‍ ഒന്നും പറഞ്ഞില്ല കേട്ടോ. അതിന്റെ അപ്പന്‍ വല്ലപ്പോഴും ഒക്കെ ഗാനമേളക്ക് സംഭാവന തരുന്നതാ ..."

ദൈവങ്ങള്‍ക്ക് അതിരൂക്ഷമായ ചോദ്യങ്ങള്‍ ആണ് നേരിടെണ്ടിവരുന്നത്‌. ദൈവം ഒരുതനോടും നീതി പുലര്‍ത്തുന്നില്ല എന്നതാണ് മുഖ്യ ആരോപണം. പെണ്ണുങ്ങള്‍ മഹാകള്ളികളും സന്ദര്ഭതിനനുസരിച്ചു നയം മാറ്റുന്നവരും ആണെന്നും.

കവലയില്‍ നിന്നു ഉച്ചസ്ഥായിയില്‍ അയാള്‍ അലറും ,"ദൈവങ്ങളെ, കള്ള നായിന്റെ മക്കളേ, .......( ബാക്കി കുറച്ചു ഭാഗം, തെറികളില്‍ നിങ്ങള്‍ക്കുള്ള പരിജ്ഞാനമനുസരിച്ചു യഥേഷ്ടം പൂരിപ്പിക്കാവുന്നതാണ്. ) ....നിങ്ങള്ക്ക് ലോകം നേരെ ചൊവ്വേ നടത്താന്‍ അറിയില്ല. നീതി നടപ്പാക്കാന്‍ അറിയില്ല. ഞാന്‍ കാണിച്ചു തരാം " പിന്നെ ഒരു അലര്‍ച്ചയാണ്‌.

ഈ ദേഷ്യത്തിന്റെ രഹസ്യം അറിയാന്‍ വേണ്ടി ഞാന്‍ ചില നാട്ടു ചരിത്രകാരന്മാരുടെ സഹായത്തോടെ ഒരു ഗവേഷണം നടത്തി. ഉത്തരം കണ്ടെത്തുകയും ചെയ്തു. നമ്മുടെ നായകന്‍ ഒരു പഴയ പരീക്കുട്ടി ആണ്. പണ്ടു പണ്ട് മഹാന്‍ ചെറുപ്പമായിരുന്നപ്പോ വളരെ പ്രശസ്തനായ ഒരു നാടകനടനും ഗായകനും ഒക്കെ ആയിരുന്നത്രെ. ഉത്തരേന്ദ്യ മൊത്തം ചുറ്റിയിട്ടുണ്ട്. ഒപ്പം പാടിയ ഒരു ഭാവഗായിക ജീവിതസഖിയായി. പിന്നെ അവര്‍ മറ്റാരുടെയോ കൂടെ സ്ഥലം വിട്ടു. ഒടുവില്‍ ഭാവഗായകന്‍ ഇങ്ങനെയായി.അങ്ങനെയത്രേ സ്ത്രീവര്‍ഗതോടും തന്നോടു നീതി പുലര്‍ത്താത്ത ദൈവങ്ങളോടും ഈ വിരക്തി തുടങ്ങിയത്.

ഈയിടെയായി ഭക്തരാജില്‍ ചെറിയ ചില മാറ്റങ്ങള്‍. പഴയതു പോലെ ബഹളങ്ങള്‍ ഇല്ല. ചീത്ത പറച്ചില്‍ തീരെയില്ല. ദൈവങ്ങളുമായി ഒരു സഖ്യത്തില്‍ എത്തിയത് പോലെ, അവരോടും വിരോധമില്ല. ഒരെയിരിപ്പാണ്. ഇടയ്ക്ക് ചില കീര്‍ത്തനങ്ങള്‍ ഒക്കെ മൂളും. ആരെങ്കിലും കാശോ ബീഡിയോ കൊടുത്താല്‍ കയ്യില്‍ വാങ്ങില്ല.''അവിടെ വെചെക്കൂ കുട്ടി '' എന്നാണുത്തരം..... ഭഗവാന്റെ നാമം വാഴ്ത്തപ്പെടട്ടെ......


Tuesday, April 22, 2008

വയസായെന്നോ ??? ഞങ്ങള്‍ക്കോ ???


ഇന്ത്യയിലെ ഒരു മെട്രോ നഗരം.
വെയില്‍ ചാഞ്ഞു തുടങ്ങുന്ന ഒരു നാല് മണി .
ഒരു ഭീമന്‍ ഷോപ്പിങ്ങ് മാള്‍. വലിയ എസ്കലേറ്റരുകള്, വലിയ കടകള്‍ , വലിയ വലിയ മനുഷ്യര്‍ ... കൈ നിറയെ ഷോപ്പിങ്ങ് സഞ്ചികളുമായി ധൃതി പിടിച്ചു ഇറങ്ങി പോകുന്ന മദ്ധ്യവയസ്കര്‍ ... ഐസ്ക്രീം നുണയുന്ന കുട്ടികള്‍ ... മുഖത്തോട്‌ മുഖം നോക്കി സമയം പോകുന്നതറിയാതെ ഓരോന്ന് പറഞ്ഞു ചിരിക്കുന്ന യുവത്വം...
ഇതു ഒരു സ്ഥിരം നഗര കാഴ്ച. നഗരത്തിന്റെ തിരക്കില്‍ നിന്നും സമാധാനം തേടി നാഗരികര്‍ എത്തുന്നതും ഈ തിരക്ക് പിടിച്ച കച്ചവട ശാലകളില്‍ ആണ് . സോഫ്റ്റ് വെയര്‍ കമ്പനികളില്‍ ജോലി ചെയ്തു കിട്ടുന്ന പണവും ടെന്ഷനുകളും ഇവിടെ ആവശ്യമുള്ളതും ഇല്ലാത്തതും എല്ലാം ഭ്രാന്തമായ ആവേശത്തില്‍ വാങ്ങിതീര്‍ത്തു ഒഴുക്കിക്കളയുന്നു ഇന്ത്യന്‍ യുവത്വം.
ഇതു യുവത്വത്തിന്റെ ചേക്ക....അവര്‍ കൂട് കൂട്ടുന്നിടം. അവിടെ നിന്നും എനിക്ക് കിട്ടിയതാണ് ഈ രണ്ടു വയസന്‍ കുരുവികളെ. ചെറുമകകളെ കാണാന്‍ ഗുജറാത്തില്‍ നിന്നും ദക്ഷിണേന്ത്യയിലെ വന്‍ നഗരത്തില്‍ വന്ന ' യുവ മിഥുനങ്ങള് '. ഈ പ്രായത്തിലും ഇങ്ങനെ ചുറ്റി കറങ്ങി നടക്കുന്നതിനെ പറ്റി എങ്ങാനും ചോദിച്ചാല്‍ ഈ പഴയ യുവസിംഹത്തിന്റെ ഭാവം മാറും. എഴുപതൊന്നും മൂപ്പരുടെ അഭിപ്രായത്തില്‍ ഒരു പ്രായമേ അല്ല. ' दूसरा हनीमून है बेटी ' എന്ന് മൂപ്പിലാന്‍ പറയുമ്പോള്‍ ഷഷ്ഠി പൂര്‍ത്തി കഴിഞ്ഞ യുവസുന്ദരിക്ക് നവ വധുവിന്റെ നാണം. ഒടുവില്‍ പോകാന്‍ നേരം മക്ഡൊണാള്‍ഡിനോടൊപ്പം ഇരുന്നു പോസ് ചെയ്തു ഒരു ഒന്നാംതരം രണ്ടാം മധു വിധു ഫോട്ടോ കൂടി....