Wednesday, June 4, 2008

ഉറങ്ങാന്‍ മടിക്കുന്ന പട്ടണം


പാതിരാവിന്റെ തണുത്ത കാറ്റു വീശിതുടങ്ങുംബോഴെയ്ക്കും കേരളത്തിലെ ചെറുപട്ടണങ്ങള് എല്ലാം തന്നെ ഉറങ്ങി കഴിഞ്ഞിരിക്കും. കണ്ണ് ചിമ്മുന്ന വഴിവിളക്കുകളെ ഏകാന്തത പഠിപ്പിച്ചു കൊണ്ടു നിരത്തുകള്‍ എല്ലാം ഒഴിഞ്ഞു കിടക്കും. പട്ടണം എന്നൊക്കെ വിളിച്ചാല്‍ ആര്ഭാടമായേകാവുന്ന, ഏറ്റുമാനൂര്‍ എന്ന, മധ്യ തിരുവിതാംകൂറിലെ ഈ വലിയ കവലയില്‍ മാത്രം സൂര്യന്‍ അസ്തമിചാലും ആരവങ്ങള്‍ ഒഴിയുന്നില്ല. അസംഖ്യം നാഷണല്‍ പെര്‍മിറ്റ്‌ ലോറികള്‍ മോഹനിദ്രയിലാണ്ട് ഹൃദയത്തിലെയ്ക്ക് പാഞ്ഞു കയറിയപ്പോള്‍ തകര്ന്നു പോയ ഡിവൈടറുകളും മൈല്ക്കുറ്റികളും അതിരിടുന്ന ഈ ചെറു പട്ടണത്തിന്റെ കേന്ദ്ര ഭാഗത്ത് മാത്രം രാത്രിയുടെ ഏത് മണികൂറിലും ഉറക്കമില്ലാത്ത മനുഷ്യരുടെ തിരക്കാണ്.
ദക്ഷിണേന്ഡൃയിലെ അറിയപ്പെടുന്ന ഒരു മത്സ്യ മാര്‍കറ്റ് പാതിരാവിലാണ് ഈ പട്ടണമധ്യത്തില് ഉണരുന്നത്. പ്രാന്തപ്റദേശങ്ങളില് നിന്നും നഗരഹൃദയതിലേയ്ക്ക് അടുക്കും തോറും മൂക്ക്‌ മീന്മണം അളന്നുതുടങ്ങും. രാത്രി എട്ടു മണിയോടെ തന്നെ വിശാഖപട്ടണം, തൂത്തുക്കുടി, കന്യാകുമാരി, മുനമ്പം, കൊച്ചി, നീണ്ടകര എന്നിങ്ങനെ വിവിധ പ്രദേശങ്ങളില്‍ നിന്നും മീന്‍ നിറച്ച ലോറികള്‍ എത്തിത്തുടങ്ങും. തെല്ലു ദൂരെ, കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ചെറുകിട മത്സ്യ വ്യാപാരികളും സൈക്കിളിലും സ്കൂട്ടറിലും ഒക്കെയായി സ്ഥലത്തെതും. പട്ടണത്തിന്റെ നിരത്തുകള്‍ ഉത്സവം പിരിഞ്ഞ മൈതാനം പോലെ, അങ്ങും ഇങ്ങും സംസാരിച്ചും ചില്ലറ വഴക്കുകള്‍ ഉണ്ടാക്കിയും നടക്കുന്ന മനുഷ്യരെക്കൊണ്ട്‌ നിറഞ്ഞിരിക്കും. പകല്‍ വെളിച്ചത്തില്‍ കാണുന്ന വെളുത്ത മാന്യത പട്ടണത്തിന് അപ്പോള്‍ ഉണ്ടാകില്ല. നഗര മധ്യത്തിലെ ക്രിസ്തുരാജനും ഏറ്റുമാനൂരപ്പനും അപ്പോഴേയ്ക്കും ഉറക്കം പിടിച്ചിട്ടുണ്ടാവും.
ചെറുകിട ബാര്‍ ഹോട്ടലിന്റെ അലൂമിനിയം വാതിലില്‍ കൊട്ടി ശബ്ദമുണ്ടാക്കിയാല്‍ ഉള്ളില്‍ നിന്നും ആള് വന്നു വില കുറഞ്ഞ വിദേശ മദ്യം വില്‍ക്കും. അല്‍പ്പം ദൂരെയുള്ള ചെറു തിയേറ്ററില് സ്പെഷ്യല്‍ പാതിരാപടങ്ങള്‍ കളിക്കുന്നുണ്ടാവും. താത്പര്യം ഉള്ളവര്‍ക്ക്‌ ഇരുട്ടിന്റെ മറവില്‍ വിശന്ന വളകിലുക്കങ്ങള്‍ക്ക് കാതോര്‍ക്കുകയുമാവാം. ബ്ലേഡ് മാഫിയയുടെയും ഗുണ്ടാ സംഘങ്ങളുടെയും മോഷണ ശ്രമങ്ങളുടെയും അനവധി നിയമ വിരുദ്ധ കലാപ്രകടനങ്ങളുടെയും കണക്കു കുറവല്ല ഈ നാട്ടില്‍.
വെളുപ്പിന് രണ്ടു മണിയോടെയാണ് മത്സ്യ മാര്‍കറ്റില്‍ ലേലം വിളികള്‍ ആരംഭിക്കുക. മീന്‍ കയറ്റി വന്ന ലോറികള്‍ ഏറ്റുമാനൂരിലെ എട്ടു മീന്‍ തരകന്മാര്‍ ഏറ്റെടുക്കും. ഓരോ ലോറിയിലും 35 മുതല്‍ 40 കിലോ വരെ മത്സ്യം നിറയ്ക്കാവുന്ന അറുപതോളം പെട്ടികള്‍ ഉണ്ടാകും. ഓരോ ലോറിയിലെയും മത്സ്യം ഇനം തിരിച്ചു ചെറുകിട വ്യാപാരികള്‍ക്ക്‌ ലേലം ചെയ്തു കൊടുക്കുകയാണ് പതിവ്. എത്ര ലോറികള്‍ നിറയെ മത്സ്യം ഉണ്ടെങ്ങിലും ഇവിടെ ഒരേ സമയത്താണ് ലേലം നടക്കുക. ഒരു രാത്രി ശരാശരി 15 ലക്ഷം രൂപയുടെകച്ചവടം നടക്കാറുണ്ട്. തരകന്മാരുടെ കണക്കു പുസ്തകങ്ങളില്‍ എഴുതിചെര്‍ക്കപ്പെട്ട മീനിന്റെ വില പിറ്റേന്നു രാത്രിയാണ് കൊടുത്തു തീരേക്കേണ്ടത്. വീട്ടുവാതില്‍ക്കല്‍ വരുന്ന മീന്കാരന്റെ പെട്ടിയിലെ അക്കങ്ങളും അക്ഷരങ്ങളും യഥാര്‍ത്ഥത്തില്‍ വിലാസങ്ങളും കണക്കുകളുമാണ്. പിറ്റേന്നു ഈ പെട്ടിയും മീന്‍ വിട്ട പണവും തിരികെ എല്പ്പിക്കേണ്ടാതാണ്. എല്ലാത്തിനും ഇവിടെ കണക്കുകള്‍ ഉണ്ട്. ഈ മാര്‍കറ്റില്‍ നിന്നും പണം ഉണ്ടാക്കിയവരുടെയും പണം കളഞ്ഞവരുടെയും നീണ്ട നിര തന്നെയുണ്ട്‌. മീന്വില്‍പ്പനക്കാരോടൊപ്പം ലോടിന്ഗ് തൊഴിലാളികളും പലിശക്ക് പണം കൊടുക്കുന്നവരും വാടകഗുണ്ടകളുമൊക്കെ രാത്രി ഈ പട്ടണത്തില്‍ നിറയുന്നു.
ഉരുകിതുടങ്ങിയ ഹിമക്കട്ടകള്‍ക്ക് മത്സ്യത്തിന്റെ ചൂരാണിവിടെ. മീന്‍ നനവുള്ള കുപ്പായങ്ങളും മദ്യം മണക്കുന്ന മുഖങ്ങളും ലേലം ഉറപ്പിക്കുന്നതിന്റെ വാഗ്വാദങ്ങളും ഈ പട്ടണത്തിന്റെ രാത്രികാല സൌന്ദര്യശാസ്ത്റത്തില് പെടുന്നു. വെളുപ്പിന് മൂന്നുമണിക്കും തട്ടുകടകളില്‍ വില്‍പ്പന പൊടിപൊടിക്കുന്നു. കൂട്ടമായി നിന്നിരുന്ന കച്ചവടക്കാരെല്ലാം തങ്ങളുടെ നാട്ടിന്പുറങ്ങളിലെയ്ക്ക് ഹോണ്‍ മുഴക്കിക്കൊണ്ട്‌ ഒറ്റയൊറ്റയായി യാത്ര തിരിചിട്ടുണ്ടാവും. ഏറ്റവും പുതിയ തലമുറയുടെ ചുണ്ടില്‍ നിന്നും മൂളിപ്പാട്ടായി ഉയരുന്നത്‌ 'തു ഹി മേരി ശബ് ഹേ ' എന്ന ഹിന്ദി ഗാനം. പട്ടണം കടന്നു പോകുന്ന തീവണ്ടികളുടെ ചൂളംവിളികളും ചങ്ങലക്കിലുക്കങ്ങളും കേള്ക്കാം ഇടയ്ക്കിടെ. പ്രഭാത സൂര്യന്റെ ആദ്യ കിരണങ്ങള്‍ പട്ടണത്തെ തൊട്ടുണര്ത്തും മുന്പ് മത്സ്യമാര്കട്ട് കഴുകി വെടിപ്പാക്കിയിട്ടുണ്ടാകും.
ചെമ്മണ്‍ പാതയിലൂടെ കാളവണ്ടിച്ചക്രങ്ങള്‍ ഉരുണ്ടിരുന്ന രാജഭരണ കാലത്തു പേരുകേട്ട താമരപ്പോയ്കയായിരുന്ന ഈ പ്രദേശം നികന്നു നികന്നു സ്വയം പട്ടണമായി രൂപാന്ദരപ്പെട്ടു കഴിഞ്ഞു . പ്രൌഢമായിരുന്ന ആ പഴയ കുളത്തിന്റെ പ്രേതമായി മാറിക്കഴിഞ്ഞ, മത്സ്യ ഗന്ധം പേറുന്ന ഒരു കൊച്ചു ജലക്കഷണത്തെയാണ് ഏറ്റുമാനൂരുകാര്‍ ഇന്നും 'ചിറക്കുളം' എന്ന് വിളിക്കുന്നത്.
നേരം വെളുത്തു തുടങ്ങുമ്പോള്‍ തെക്കു കൈതമല മഹുയ്ദ്ദീന് ജമാ അത്ത് പള്ളിയില്‍ നിന്നും മക്കയിലെയ്ക്ക് തിരിഞ്ഞു നിന്ന് ചെവിയില്‍ വിരല്‍ ചേര്‍ത്ത് ചിലമ്പിച്ച സ്വരത്തില്‍ മുക്റി നാടിനെ ഉണര്‍ത്തും. " അല്ലാഹ് അക്ബര്‍...." സ്പോര്‍ട്സ്‌ ഷൂസണിഞ്ഞ മധ്യവയസ്കന്മാര്‍ കുടവയര് കുറയ്ക്കുന്നതിനായി ഓടിതുടങ്ങും. ഉറക്കച്ചടവ് മാറാത്ത കുഞ്ഞുങ്ങള്‍ ഇലാസ്ട്ടിക് സോക്സ് ഇറുകിയ കുഞ്ഞിക്കാലുകള്‍ ചവിട്ടി ട്യൂഷന്‍ സെന്ടരുകളിലെയ്ക്ക് ഓടിതുടങ്ങും. ഏജന്റുമാരില് നിന്നും പത്രക്കെട്ടുകള് വീതിച്ചു കിട്ടിയ കൌമാരകാര്‍ പട്ടണഞരംപുകളിലൂടെ സൈകിള്‍ ചവിട്ടി ഓരോ വീട്ടുവളപ്പിലെയ്ക്കും വൈദഗ്ധ്യത്തോടെ പത്രം എറിഞ്ഞു തുടങ്ങും. ഈ പട്ടണത്തില്‍ പകല്‍ ആരംഭിക്കുകയാണ്.

5 comments:

തീരെ ചെറിയ ഒരാള്‍ said...

പകല്‍ മറ്റേതൊരു ചെറു പട്ടണത്തെയും പോലെ അലസമായി ഒതുങ്ങി കൂടുന്ന എന്റെ നാടിനെ, അതിന്റെ രാത്രികാല ബഹളങ്ങളെ, നേരം വെളുക്കുന്ന മുറയ്ക്ക്‌ മാറുന്ന അതിന്റെ സ്വഭാവത്തെ ഒക്കെ സ്വീകരിക്കുക. ചില ചെറിയ നേര്‍ക്കാഴ്ചകള്‍.....

മുസാഫിര്‍ said...

ഏഴരപ്പൊന്നാനപ്പുറത്ത് എഴുന്നള്ളീ വരുന്ന ഏറ്റുമാന്നൂരപ്പന്റെ നാടിന് ഇങ്ങനേയും ഒരു മുഖമുണ്ട് അല്ലെ ?

ശ്രീ said...

വിവരണം കൊള്ളാം മാഷേ
:)

രാജീവ് സാക്ഷി | Rajeev Sakshi said...

നല്ല വായന

കുട്ടനാടന്‍ said...

നല്ല ആഖ്യാന ശൈലി, ലളിതം.
ഈ വിവരങ്ങളൊക്കെ സാക്ഷാല്‍ ഏറ്റുമാനൂരപ്പന് അറിയോ ആവോऽ/