Tuesday, June 24, 2008

ഞങ്ങളുടെ അന്ന ദാതാവ്

കഥാനായിക ചില്ലറക്കാരിയല്ല. വിറ്റുകളുടെ ഒരു അക്ഷയപാത്രം. തിരുവനന്തപുരത്തെ ഞങ്ങളുടെ ഒഫീസില് ഞങ്ങള്ക്ക് ചായ തരുന്നത്, ഓഫീസ് വൃത്തിയാക്കുന്നത്, പിന്നെ തരം പോലെ ഞങ്ങളെ ഒക്കെ ഉപദേശിക്കുന്നത്, വലിയ വായില് ജീവിത വീക്ഷണങ്ങള് വിളമ്പുന്നത് ഒക്കെ ധന്യ ആണ്. ഞങ്ങളുടെ സ്വന്തം ചെങ്ങല്ചൂള ടൈംസ്...

രാവിലെ എല്ലാവരും എത്തും മുന്പ് എത്തുന്നയാള് ആയതുകൊണ്ട് കക്ഷി സ്വയം വിശേഷിപ്പിക്കും താനൊരു "മുന്പേ പറക്കുന്ന പക്ഷി" ആണെന്ന്. "early bird" എന്ന "ഗമണ്ടന് " ഇംഗ്ലീഷ് പ്രയോഗം ( ഞാന് ടി പദ്മനാഭനെ ഓര്‍ത്തിട്ടില്ല, കെ ഇ എന് ആരാണെന്ന് അറിയുകയും ഇല്ല) സ്മ്രിതി മണ്ഡലങ്ങളില് എവിടെയും ഉള്ളതായി അവള്‍ക്കറിയില്ല. രാവിലെ നേരം വെളുത്താല് അണ്ണനെ പറഞ്ഞയച്ച്, പിള്ളേരെ അച്ഛമ്മയുടെ അടുതാക്കി, ചോറും വെച്ചു മീനും വറുത്തു കഴിഞ്ഞാല് അവള് ഇങ്ങു പോരും. ഞങ്ങളുടെ ഓഫീസില് വന്നു കര്മനിരതയാകും. പിന്നെ നിലം തൊടാതെ പണിയാണ്. മുറികള് എല്ലാം അടിച്ച് വാരി, വൃത്തിയാക്കി ഒടുവില് തുടച്ചു തീര്ത്തു അവള് ഒന്നു ആശ്വസിച്ചു സെക്യൂരിടിയുടെ കസേരയിലിരുന്നു നടുവ് നിവര്‍ക്കുമ്പോഴാവും ഓരോരുത്തരായി ഉദ്യോഗസ്ഥ വൃന്ദം വലിഞ്ഞും നിരങ്ങിയും ജോലിഭാരത്തെ പഴിച്ചും ഇന്നലത്തെ കുന്നായ്മകള്ക്ക് ബദല് പണികള് ആലോചിച്ചും ഒക്കെ കയറി വരിക.

രാവിലെ ഓഫീസിന്റെ കണ്ണാടി പളുങ്ക് കല്‍പ്പടവുകളില് മുഖം നോക്കിയോ നോക്കാതെയോ ഓടി കയറി പോകുമ്പോള് ആരും ധന്യയെ ഓര്‍ക്കാറില്ല.

പത്തര മണി ആകുമ്പോള് ചായ. അതാണ് കീഴ്‌വഴക്കം. ചായയും ചായ കൊടുക്കലും ഒക്കെയായി നമ്മള് പരമ്പരാഗതമായി ചേര്ത്തു വെയ്ക്കാറുള്ള നാണം, നഖം കടി മുതല് ചിഹ്നങ്ങള് ഒന്നും ഇവിടെ കാണില്ല.ധന്യ വരും. ചായ തരും. പോകും. ചിലര് ചിരിക്കും. കുശലം പറയും. ചിലര് അതൊന്നും ഇല്ലാതെ ചായ കുടിക്കും. അങ്ങനെ അങ്ങനെ...


ഒരു കുശലം എങ്ങാനും ചോദിച്ചു പോയാല് പിന്നെ പെണ്ണിന് കഴുത്തിന് ചുറ്റും നാവാണ്. അതും നല്ല ഉരുളയ്ക്ക് ഉപ്പേരി കണക്കിന്. എല്ലാതിനെ പറ്റിയും സ്വന്തമായ ഒരു അഭിപ്രായം, ഒരു കാഴ്ചപാട് ഒക്കെ കക്ഷിക്കുണ്ട്. ഇന്നു തന്നെ, ദാ ഇപ്പൊ ചായ കൊണ്ടു വന്നപ്പോ സ്ഥിരം ഉള്ള സോപ്പ് ച്ചുവയ്ക്ക് പകരം ഒരു എലയ്ക്കാ സ്വാദ്. ചായക്കട അണ്ണനും ധന്യയും തമ്മിലുള്ള ചൊറിച്ചു മല്ലല് ഈ പ്രദേശങ്ങളില് ഒക്കെ പ്രശസ്തമാണ്. 'ഉരുള ഉപ്പേരി' ബാര്‍ട്ടര് സിസ്റ്റം ആണ് അവര് തമ്മില്. ചെറിയ വാഗ്പ്പയറ്റുകള് കൊണ്ടു ഒരു അടര്ക്കളം തന്നെ. അറിയാതെ ചോദിച്ചു പോയി, '' എന്താ ധന്യേ, ഇന്നു ചായ കൊള്ളാമല്ലോ'' ഉടന് വന്നു ഉത്തരം, " എന്തര് മാഡം, ഏലയ്കയാണോ, അയാള് എന്തരോ നോക്കി നിന്നു പാല് അടിക്കു പിടിച്ചു. മണക്കാതിരിക്കാന് ഇട്ടേക്കുന്നതല്ലേ...''


ഇനി അല്‍പ്പം ചരിത്രം. കഥാനായിക കഥ പറയുമ്പോള്... അച്ഛനും അമ്മയും വേര്‍പിരിഞ്ഞ വീട്. അതേ പഴയ കഥ. മൂന്നു പെണ്‍കുട്ടികള്. ധന്യയുടെ അണ്ണന് ( ഇപ്പോഴത്തെ ഭര്‍ത്താവ് ) അന്ന് മുറചെറുക്കന്. അണ്ണനും അച്ഛനും തമ്മില് ചേര്ച്ചക്കുറവ്. വാക്കേറ്റം... തര്ക്കം. പെണ്ണിന് ജന്മനാല് തന്നെ ഭയങ്കര പ്രേമവും. അങ്ങനെ ഒരു ഒന്‍പതാം ക്ലാസ്സ് ദിവസം രാവിലെ സ്കൂളില് പോയ ധന്യ വൈകുന്നേരം വീട്ടില് തിരിച്ചു പോയില്ല. അണ്ണന്റെ വീട്ടില് വെപ്പും കുടിയുമായി കൂടി എന്ന് ചുരുക്കം.കല്യാണം ഒന്നും കഴിച്ചിട്ടില്ല. "ഓ എന്തര് മാഡം, ഇതൊക്കെ ഒരു വിശ്വാസം അല്ലേ'' എന്ന് ധന്യ ചോദിക്കുമ്പോള് അത്ഭുതപ്പെടെണ്ടാ. ഇപ്പോഴും സഹജീവികളെ വിശ്വസിക്കാന് തയ്യാറുള്ള മനുഷ്യര് ഇന്നാട്ടില് ഉയിരോടെ ഉണ്ട്.
ചെന്ഗല് ചൂളയില് സര്‍ക്കാര് കൊടുത്ത ഫ്ലാറ്റിലാണ് താമസം. എങ്ങിലും അവിടെ സ്ഥിരമായി താമസിച്ചു ഈ ജോലിയും ചെയ്തു കഴിഞ്ഞു കൂടാന് ഒന്നും അല്ല പരിപാടി. രണ്ടാമത്തെ കുട്ടി കൂടി ഒന്നു സ്കൂള് പരുവം ആകാന് കാത്തിരിക്കുകയാണ് ധന്യ. എന്നിട്ട് വേണം ഒന്നു ഗള്‍ഫില് ഒക്കെ പോയി കൊറേ കാശുണ്ടാക്കാന്. "പിന്നെ ഞാന് സിനിമേലൊക്കെ കാണും പോലെ മുടിയൊക്കെ പിരുത്തിട്ട് നടക്കും. അണ്ണന് സ്വന്തമായി ഒരു ഓട്ടോ വാങ്ങിക്കും. പിള്ളേരെ വല്യ കോളേജില് വിട്ടു പഠിപ്പിക്കും'' സ്വപ്‌നങ്ങള് ഒരുപാടാണ് ഈ ഇരുപത്തിരണ്ടു കാരിയുടെ ചെറിയ മനസ്സില്.
നമ്മള് എന്തെങ്കിലും ഒരു പ്രശ്നവും ആയി തലപുകച്ചു സിസ്റ്റം തല്ലിപ്പൊട്ടിക്കാന് തുടങ്ങുമ്പോള് ആവും ധന്യ വരിക. '' എന്തര് മാഡം, ആ ഗൂഗ്ലി യോട് ചോദിച്ചാല് പോരേ'' അവള് ഇവിടെ വന്നു കഴിഞ്ഞു പഠിച്ചതാണ് അത്. എല്ലാ പ്രശ്നങ്ങള്ക്കും ഉത്തരം തരുന്ന ഒരു പുതിയ ദൈവം. '' ഗൂഗ്ലി''

ദാ ഇപ്പൊ വന്നു പോയതേ ഉള്ളൂ...

''മാഡത്തിന്റെ ഫോണില് പാട്ടു കേള്‍ക്കുമോ ?'' ഇതാണ് ചോദ്യം. അണ്ണന്റെ ഫോണില് കേള്‍ക്കില്ല. പക്ഷെ അടുത്ത വീട്ടില് കേള്‍ക്കും അത്രെ. ഞാന് ഫോണ് എടുത്തു ഒരു പാട്ട് ഇടാന് ഒരുങ്ങി. ഒരു വരി മൂളിയതേ ഉള്ളൂ ചിത്ര. ധന്യ പോയി. "മാഡം കേട്ടോ, എനിക്ക് ഇതു കേട്ടാല് ഉറക്കം വരും. എനിക്ക് വേറെ ജോലി ഉള്ളതാ... "

അതേ...അവള്ക്ക് വേറെ ജോലി ഉള്ളതാ.. അവളെ വിട്ടേക്കാം....

2 comments:

Sharu (Ansha Muneer) said...

നല്ല ശൈലി... ലളിതമായി സരസമായി എഴുതിയിരിക്കുന്നു

Anonymous said...

കൊള്ളം നല്ലശൈലി