കേരളത്തിന്റെ ഭൂ ഭംഗിയെപ്പററി ഏതോ പഴയ 'അയല്‍ക്കാരന്‍ നല്ല സമരായക്കാരന്‍ ' പറഞ്ഞു കൊടുത്ത വിവരണം കേട്ട്, ഉള്ള ചില്ലറയൊക്കെ കൂട്ടി വെച്ചു ഒരു കേരള പര്യടനം പ്ളാന്‍ ചെയ്തിറങ്ങിയതാണ് രണ്ടു ജോധാഭായികളും ഒന്നിന്റെ മകനും വേറൊന്നിന്റെ മകളും അവരുടെ കുട്ടിയും. ഉള്ള കാശിനു കൊച്ചി മുതല്‍ കന്യാകുമാരി വരെ ഒരു ഓട്ട പ്രദക്ഷിണം നടത്തി , റെയില്‍വേ സ്റ്റേഷനില്‍ കുത്തിയിരിപ്പാണ് ആന്റീസ്. എന്റെ മദ്രാസ് മെയില് വരാന്‍ ഇനിയും സമയം ബാക്കി. മോഹന്‍ലാല്‍ സ്റ്റൈലില്‍ "വഴിയില്‍ കുത്തിയിരിക്കാതെ ഏറ്റു പോ അമ്മച്ചി" എന്ന് പറയാന്‍ ഇവരെന്നോടു പ്രത്യേകിച്ചു ദ്രോഹം ഒന്നും ചെയ്തിട്ടില്ലല്ലോ. പിന്നെ ജന്മസിദ്ധമായി കിട്ടിയ ആകാംഷ മുളച്ചു പൊങ്ങിയപ്പോള്‍ , യെവരെ പരിചയപ്പെടാനുള്ള ആ ഒരു ത്വര, ഉല്‍ക്കടമായ ആ ഒരു 'ഇദ് ' ഇങ്ങു വന്നു. ചുരുക്കി പറഞ്ഞാല്‍ , ആന്റിമാരുടെ അടുത്ത് കൂടി കൊച്ചു വര്ത്തമാനം തുടങ്ങി എന്ന് സാരം. ഇനി ഞാന്‍ പഞാബില്‍ എങ്ങാനും പെട്ട് പോയാല്‍ ഇവര് തിരുവന്തോരം റെയില്‍വേ സ്റ്റേനില്‍ വെച്ചു കണ്ട ഒരു പരിചയം എങ്ങാനും കാണിച്ചാലോ എന്ന ഒരു ലോകത്തൊരിടത്തും ഇല്ലാത്ത 'ദീറ്ഘവീക്ഷണം' .
നമുക്കു പിന്നെ പണ്ടു മുതലേ ഭാഷ ഒരു പ്രശ്നം അല്ലല്ലോ. തമിഴ്, തെലുങ്ക്, ഹിന്ദി, ബംഗാളി, മണിപ്പൂരി , ചൈനീസ് എന്നിങ്ങനെ ഏത് ഭാഷയിലുള്ള ആന്ഗ്യങ്ങളും വശമുള്ള ഒരു സവ്യസാചി ആകുന്നു ഈയുള്ള ജന്മം. ഭരത മുനിയുടെ സകല മുദ്രകളും പുറത്തെടുത്ത് ആശയവിനിമയം ആരംഭിച്ചു . നോണ്‍ വെര്‍ബല്‍ കമ്യൂണികേഷന് എന്നൊക്കെ പറയുന്നതു ഇതാവും അല്ലെ... ജീവിതത്തില്‍ നല്ലപ്പോള്‍ കേള്‍ക്കുന്നതാണ് പഞ്ചാബി. പക്ഷെ 'ഖാന്‍ പരമ്പര ' ദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ചു ഉള്ള ഹിന്ദി ഒക്കെ എടുത്തു പ്രയോഗിച്ചു. സംഭവം ഏല്ക്കുന്നുണ്ട്. എന്റെ ആന്ഗ്യവും ഡാന്‍സും മുദ്രയും ഹിന്ദിയും ഒക്കെ ലേഡീസിനു ക്ഷ പിടിച്ച മട്ടാണ്.
ഒരു രണ്ടു കിലോ വാഴയ്ക്ക ഉപ്പേരിയും പിന്നെ ഒരു കന്നാസ് വെളിച്ചെണ്ണയും ഒക്കെ വാങ്ങി വെച്ചിരിക്കുകയാണ് ആന്റിമാര്‍. അവിടെ അയലുവക്കതൊക്കെയുള്ള പെണ്ണുങ്ങള്‍ക്കും പിള്ളേര്‍ക്കും ഒക്കെ സംഭാവന കൊടുക്കാനാണ് ഇതെല്ലാം. പിന്നെ കൊച്ചു ചെറുക്കന്റെ കയ്യില്‍ മ്യൂസിയത്തിന്റെ മുന്നില്‍ നിന്നും വാങ്ങിയ നെറ്റിപ്പട്ടം കെട്ടിയ ആന. കേരളം മൊത്തത്തില്‍ കൊള്ളാം എന്നാണ് ഇവരുടെ ഒരു റേറ്റിംഗ്.
നാല് ഇരുപത്തി അഞ്ച്... ദാ മദ്രാസ് മെയില് ചിന്നം വിളിക്കുന്നു.... ഇനി ഭാഗ്യം ഉണ്ടെങ്കില്‍ പഞാബില്‍ കാണാം ലേഡീസ്....
3 comments:
"വഴിയില്‍ കുത്തിയിരിക്കാതെ ഏറ്റു പോ അമ്മച്ചി" എന്നല്ല”എഴിച്ചു പോ അമ്മച്ചി” എന്ന് :)
ഈ പ്രായത്തില്ലും ഇങ്ങനെ ഒരു യാത്രക്കിറങ്ങാനുള്ള മനസ്സും ഊര്‍ജ്ജവും ഉണ്ടല്ലോ. പ്രണാമം അവര്‍ക്ക്.
എനിക്കിഷ്ടപ്പെട്ടു....
ശ്ശി പിടിച്ചൂട്ടൊ...
Post a Comment